റിയാദ്: കൊറോണ വൈറസ് വ്യാപനം ദൈവശിക്ഷയാണെന്ന് പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ നടപടിയുമായി സൗദി അധികൃതര്‍. മൂവരെയും അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവര്‍ കൊറോണ വൈറസ് വ്യാപനത്തെ ദൈവശിക്ഷയുമായി ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയത്. 

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും കൊറോണ കാരണമായുണ്ടായ പ്രതിസന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. നാല് പേരെയും അറസ്റ്റ് ചെയ്ത് കേസുകള്‍ കോടതിയ്ക്ക് കൈമാറാനാണ് നിര്‍ദേശം.

അതേസമയം സൗദിയില്‍  കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം രാജ്യത്ത് 99 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരാണ് വിദേശത്ത് നിന്നെത്തിയത്. 89 പേര്‍ക്കും സമൂഹ വ്യാപനം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. ചികിത്സയിലായിരുന്ന 37 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേരും റിയാദിലാണ്. 12 പേര്‍ക്ക് ഖത്തീഫിലും 12 പേര്‍ക്ക് മക്കയിലും 18 പേര്‍ക്ക് ജിദ്ദയിലും രോഗം സ്ഥിരീകരിച്ചു. മദീന - 6, ഖമീസ് മുശൈത്ത് - 3, അബഹ - 1, സൈഹാത്ത് - 1, കോബാര്‍ - 1, ഹുഫൂഫ് - 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച മറ്റള്ളവരുടെ വിവരങ്ങള്‍.