റിയാദ്: മുന്‍നിര ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡില്‍ സൗദി അറേബ്യ നിക്ഷേപമിറക്കുന്നു. സൗദി അറേബ്യയുടെ പൊതുനിക്ഷേപ നിധിയാണ് (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) 2.04 ശതമാനം ഓഹരി നിക്ഷേപം നടത്തുന്നത്. 4.8 ശതകോടി റിയാല്‍ (1.3 ശതകോടി ഡോളര്‍) ആണ് ഇന്ത്യയിലെ ഭീമന്‍ വ്യവസായ ശൃംഖലയില്‍ മുതല്‍മുടക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ സബ്‌സിഡിയറി കമ്പനിയായ 'ജിയോ' ഡിജിറ്റല്‍ സര്‍വിസിലാണ് മുതലിറക്കൽ. ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യന്‍ റീട്ടെയില്‍ മേഖല രാജ്യത്തിന്റെ ജിഡിപിയില്‍ 10 ശതമാനത്തിലേറെയാണ് സംഭാവന ചെയ്യുന്നതെന്നും വളരെ വലിയ വളര്‍ച്ചാക്ഷമതയുണ്ടെന്നും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഉജ്ജലമായ വിവിധ വ്യവസായ മേഖലകളില്‍ സജീവമായി മുന്നേറുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ പങ്കാളിത്തം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ അഭിപ്രായപ്പെട്ടു.