കാലിത്തീറ്റ നിറച്ചെത്തിയ ട്രക്കിന് പെട്രോള്‍ പമ്പില്‍ വെച്ച് തീപിടിച്ചു. ട്രക്കിലേക്ക് ഓടിക്കയറിയ മാഹിര്‍ ട്രക്ക് പെട്രോള്‍ പമ്പില്‍ നിന്ന് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.
റിയാദ്: പെട്രോള്‍ പമ്പില്‍ ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ വൻ തീപിടിത്തം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ സൗദി പൗരന് ഭരണാധികാരിയുടെ ആദരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ കാലിത്തീറ്റ നിറച്ചെത്തിയ ട്രക്കിന് പെട്രോള്‍ പമ്പില്‍ വെച്ച് തീപിടിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന സൗദി പൗരൻ മാഹിർ ഫഹദ് അൽ ദൽബാഹി ട്രക്കിലേക്ക് ഓടിക്കയറിയ മാഹിര്‍ ട്രക്ക് പെട്രോള്‍ പമ്പില്‍ നിന്ന് ഓടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. മാഹിർ ഫഹദ് അൽ ദൽബാഹിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ പ്രകാരം, സൗദിയിലെ പരമോന്നത ബഹുമതിയായ കിങ് അബ്ദുൽ അസീസ് മെഡലും ഒരു ദശലക്ഷം റിയാലും (ഏകദേശം 267,000 ഡോളർ) പാരിതോഷികമായി നൽകാൻ രാജാവ് ഉത്തരവിട്ടു.
രാജാവിന്‍റെ അംഗീകാരം ലഭിച്ചതില്‍ അൽ ദൽബാഹിയുടെ കുടുംബം നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു. ദവാദ്മിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അൽ-സാലിഹിയ എന്ന തന്റെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു 40-കാരനായ അൽ-ദൽബാഹി. യാത്രക്കിടെ സമീപത്തെ ഒരു കടയില്‍ സാധനം വാങ്ങാന്‍ നിന്നപ്പോഴാണ് ട്രക്കിന് തീപിടിച്ചത് ഇദ്ദേഹം കാണുന്നത്. പെട്രോള്‍ പമ്പിലേക്ക് തീപടര്‍ന്നാല്‍ വലിയ സ്ഫോടനവും വന്‍ ദുരന്തവും ഉണ്ടാകുമെന്ന് ഇദ്ദേഹം മനസ്സിലാക്കി.ട്രക്കിന് തീപിടിച്ചതിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇതിന് കഴിഞ്ഞില്ല. ഇത് കണ്ടു നിന്ന മാഹിർ ഫഹദ് അൽ ദൽബാഹി മറ്റൊന്നും ചിന്തിക്കാതെ ട്രക്കിലേക്ക് ഓടിക്കയറുകയായിരുന്നു.
ഉടന്‍ തന്നെ താന്‍ ട്രക്കിലേക്ക് ഓടിക്കയറിയെന്നും ഇന്ധന ടാങ്കുകളില്‍ നിന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിച്ചു മാറ്റിയതായും മാഹിർ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മാഹിറിന്‍റെ മുഖത്തും തലയിലും കൈകാലുകളിലും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
