Asianet News MalayalamAsianet News Malayalam

സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

രാജ്യത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കാണ് പ്രവേശനമനുവദിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി.

saudi started giving tourist visas online
Author
Riyadh Saudi Arabia, First Published Aug 2, 2021, 9:08 PM IST

റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കല്‍ സൗദി അറേബ്യ വീണ്ടും ആരംഭിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് വീണ്ടും പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. 49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങള്‍ വഴിയും കര, വ്യോമ മാര്‍ഗങ്ങളിലൂടെയും പ്രവേശനം അനുവദിച്ചു തുടങ്ങിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല.

രാജ്യത്ത് അംഗീകരിച്ച വാക്‌സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ക്കാണ് പ്രവേശനമനുവദിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയതായി മന്ത്രാലയം വ്യക്തമാക്കി. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളിലും കര, കടല്‍ അതിര്‍ത്തികളിലും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പ്രവേശന അനുമതി.

രാജ്യത്ത് അംഗീകരിച്ച ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഒരു ഡോസ് വാക്‌സിന്‍ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ടൂറിസ്റ്റ് വിസയും പ്രവേശനാനുമതിയും ലഭിക്കുക. ഹോട്ടല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിബന്ധനയില്‍ നിന്ന് ഇവര്‍ക്ക് ഇളവും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ വിമാനത്താവളത്തില്‍ ഹാജരാക്കണം. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളില് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios