മക്ക: മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. ചില്ലറ വില്‍പന ശൃംഖലയായ പാണ്ട റീട്ടെയില്‍ കമ്പനിയുടെ മക്ക കഅ്കിയ ഡിസ്ട്രിക്ട് ശാഖയാണ് അടച്ചത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച ജോലിയ്ക്കായി സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിനിടെ ശരീര താപനില പരിശോധിച്ചപ്പോഴാണ് മൂന്ന് ജീവനക്കാര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. പരിശോധനയില്‍ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  ഇതോടെ സൂപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം അടയ്ക്കുകയായിരുന്നു.

സ്ഥാപനം അണുവിമുക്തമാക്കിയ ശേഷം മറ്റ് ശാഖകളിലെ ജീവനക്കാരെ ഉപയോഗിച്ച് അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.