ജിദ്ദ: ഉപയോക്താക്കള്‍ക്ക് ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനവും അന്താരാഷ്ട്ര കോളുകളില്‍ മിനിറ്റുകളും നല്‍കി സൗദി ടെലികോം കമ്പനി(എസ്ടിസി). പുതിയ ഡിസൈനും നിറവും നല്‍കി കൊണ്ടുള്ള കമ്പനിയുടെ രൂപമാറ്റം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഉപയോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്. 

10 ജിബി ഇന്‍റര്‍നെറ്റും 100 അന്താരാഷ്ട്ര മിനിറ്റുകളുമാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്. എസിടിസി ബഹ്റൈന്‍, എസ്ടിസി കുവൈത്ത് എന്നിവിടങ്ങളിലേക്ക് വിളിക്കാനാണ് അന്താരാഷ്ട്ര മിനിറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. ഇന്ന് മുതല്‍ 25 വരെ ഒരാഴ്ചത്തേക്കാണ് ഓഫറുകള്‍ നല്‍കുന്നത്. കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സൗജന്യ റോമിംഗും ലഭിക്കും. ഏതെങ്കിലും പ്രതിമാസ പാക്കേജില്‍ ചേര്‍ന്ന ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. ഓഫര്‍ ലഭിക്കാന്‍ എസ്ടിസി എന്ന് ക്യാപിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്ത ശേഷം 900 എന്ന നമ്പരിലേക്ക് സന്ദേശം അയക്കണം.