റിയാദ്: ''പൊതുസ്ഥലത്ത് മാന്യതയുടെ അതിർവരമ്പ് ലംഘിച്ചാൽ'' കനത്ത പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുകയോ, പൊതുസ്ഥലങ്ങളിൽ വച്ച് പരസ്യമായി ചുംബിക്കുകയോ ചെയ്താൽ വിനോദസഞ്ചാരികൾക്കും കനത്ത പിഴ നൽകേണ്ടി വരും. വിദേശത്ത് നിന്നുള്ള വിനോദസ‍ഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം വന്ന് ഒരു ദിവസത്തിനകമാണ് സൗദിയുടെ പുതിയ പ്രഖ്യാപനം. 

സൗദിയുടെ ആഭ്യന്തരമന്ത്രാലയം പിഴയീടാക്കേണ്ട 19 ''നിയമലംഘനങ്ങൾ'' കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എത്ര രൂപയാണ് ഓരോന്നിനും പിഴയായി നൽകേണ്ടി വരികയെന്ന് ഉത്തരവിൽ പറയുന്നില്ല. എണ്ണക്കയറ്റുമതിയിൽ അധിഷ്ഠിതമായിരുന്ന സൗദിയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക്, അരാംകോയുടെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും എണ്ണപ്പാടത്തിന് നേരെയും ഉണ്ടായ ആക്രമണത്തിന് ശേഷം വലിയ തിരിച്ചടിയേറ്റിരുന്നു. എന്നാൽ ഇതിൽ നിന്ന് കരകയറാൻ പുതിയ ടൂറിസ്റ്റ് വിസകൾ നൽകാൻ സൗദി തീരുമാനിച്ചതിന് പിന്നാലെയാണ് ഉത്തരവ് വരുന്നത്.

Read more: സൗദി എണ്ണപ്പാടം ആക്രമണം - അറിയണ്ടതെല്ലാം ..

''സ്ത്രീകളും പുരുഷൻമാരും മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ സൗദിയിൽ പുറത്തിറങ്ങി നടക്കാവൂ. പൊതുസ്ഥലങ്ങളിൽ വച്ച് സ്നേഹപ്രകടനങ്ങൾ പാടില്ല. മാന്യമായ വസ്ത്രങ്ങൾ സ്ത്രീകൾക്ക് ധരിക്കാം'', സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിന് സൗദിയിൽ നിലനിൽക്കുന്ന ചട്ടങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ധാരണയുണ്ടാകാനാണ് ഈ പ്രസ്താവനയെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രാജ്യത്തെത്തുന്നവർക്ക് അബായ വസ്ത്രം നിർബന്ധമില്ല. മാന്യമാകണം വസ്ത്രമെന്ന് മാത്രം. 

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമാണ് ഓൺ അറൈവൽ വിസ സംവിധാനം നിലവിൽ വന്നത്. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍‌ വിസ നൽകാൻ തുടങ്ങിയത്. 

മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഓണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

Read More: സൗദിയിലേക്കുള്ള പുതിയ ഇ- വിസ : ഇന്ത്യക്കാർ ചെയ്യേണ്ടത് ..

എന്നാല്‍ ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ല. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ആറുമാസം രാജ്യത്ത് തങ്ങാനാകും. എന്നാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഓണ്‍ അറൈവൽ വിസ അവസരം നല്‍കുകയെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.

യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്.