Asianet News MalayalamAsianet News Malayalam

ചരിത്രം കുറിക്കാന്‍ ബഹിരാകാശത്തേക്ക് ആദ്യ സൗദി വനിത; തയ്യാറെടുപ്പുകളുമായി രാജ്യം

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കാണ് വനിതയെയും മറ്റൊരാളെയും അയക്കാൻ പദ്ധതിയെന്ന് സൗദി സ്‌പേസ് കമ്മീഷന്‍ വെളിപ്പെടുത്തി. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും.

saudi to send first Saudi woman to space
Author
First Published Sep 23, 2022, 7:49 AM IST

റിയാദ്: ബഹിരാകാശത്തേക്ക് വനിതയുൾപ്പടെ രണ്ടുപേരെ അയക്കാനുള്ള തയ്യാറെടുപ്പിൽ സൗദി അറേബ്യ. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്കാണ് വനിതയെയും മറ്റൊരാളെയും അയക്കാൻ പദ്ധതിയെന്ന് സൗദി സ്‌പേസ് കമ്മീഷന്‍ വെളിപ്പെടുത്തി. 

ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സൗദി വനിതയായി ഇവര്‍ മാറും. ശാസ്ത്രീയ പരീക്ഷണങ്ങള്‍, അന്താരാഷ്ട്ര ഗവേഷണങ്ങള്‍, ബഹിരാകാശ സംബന്ധിയായ ഭാവി ദൗത്യങ്ങള്‍ എന്നിവയില്‍ പങ്കാളിത്തം വഹിക്കാന്‍ ദീര്‍ഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകള്‍ക്ക് സൗദി യുവതീയുവാക്കളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിടുന്ന സൗദി ബഹിരാകാശ യാത്രികര്‍ പ്രോഗ്രാമിന് കമ്മീഷന്‍ തുടക്കം കുറിച്ചു.

Read More: റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു

ആഗോള തലത്തില്‍ ബഹിരാകാശ മേഖലയും അതിന്റെ വ്യവസായങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ മാനവികതയെ സേവിക്കുന്ന ഗവേണങ്ങള്‍ക്ക് സംഭാവന നല്‍കാനും ഇതിലൂടെ സൗദി സ്‌പേസ് കമ്മീഷന്‍ ലക്ഷ്യമിടുന്നു.

ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ദോഹ: ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകരെയാണ് നിയന്ത്രിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

Read More: സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

2022 ഡിസംബര്‍ 23 മുതലാണ് വിസിറ്റ് വിസകള്‍ പുനരാരംഭിക്കുക. ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.

Follow Us:
Download App:
  • android
  • ios