ദമ്മാമിലെ ദഹ്‌റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിലാണ് സൗദിയുടെ ഈ നേട്ടം
റിയാദ്: ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദി ആറ് അന്താരാഷ്ട്ര അവാർഡുകൾ നേടി. ദമ്മാമിലെ ദഹ്‌റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിലാണ് സൗദിയുടെ ഈ നേട്ടം. രണ്ട് വെങ്കല മെഡലുകളും നാല് അനുമോദന സർട്ടിഫിക്കറ്റുകളും സൗദി വിദ്യാർഥികൾ നേടി. അൽ അഹ്‌സ വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള വിദ്യാർഥി മാസിൻ അൽശൈഖും റിയാദ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഹുസൈൻ അൽസാലിഹുമാണ് വെങ്കല മെഡലുകളുടെ ഉടമകൾ.
റിയാദിൽ നിന്നുള്ള ഫാരിസ് അൽഗാംദി, ഫൈസൽ അൽമുഹൈസൻ, കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മുഹമ്മദ് അൽ അർഫാജ്, അലി അൽ ഹസ്സൻ എന്നിവർക്കാണ് അനുമോദന സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. ഫിസിക്സ് ഒളിമ്പ്യാഡിലെ സൗദിയുടെ റെക്കോർഡ് 22 അന്താരാഷ്ട്ര അവാർഡുകളായി ഉയർന്നു. മൗഹിബ ഇന്റർനാഷനൽ ഒളിമ്പ്യാഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് സൗദി അറേബ്യ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ പങ്കെടുത്തത്.