റിയാദ്: സൗദി അറേബ്യയില്‍ മുഖാവരണം ധരിച്ചതിന്റെ പേരില്‍ യുവതിയോട് വിവേചനം കാണിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. റിയാദ് സീസണ്‍ പരിപാടി കാണാനെത്തിയ യുവതിയെ റസ്റ്റോറന്റുകള്‍ക്ക് സമീപം ഇരിക്കാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി നിര്‍ദേശം നല്‍കി.

സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ വഴിയാണ് യുവതി താന്‍ നേരിട്ട വിവേചനത്തിനെതിരെ പ്രതികരിച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ റിയാദ് സീസണ്‍ പരിപാടിയില്‍ മുഖാവരണം ധരിച്ചെത്തിയതിന്റെ പേരില്‍ സംഘാടകരില്‍ ഒരാള്‍ വിവേചനം കാണിച്ചെന്ന് യുവതി വീഡിയോയില്‍ ആരോപിച്ചു. റസ്റ്റോറന്റുകള്‍ക്ക് സമീപം ഇരിക്കാന്‍ അനുവദിച്ചില്ല. പരിപാടിയുടെ സംഘാടന ചുമതലയുള്ള കമ്പനിയുടെ മാനേജര്‍മാരില്‍ ഒരാളാണ് വിവേചനം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.  സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സൗദി ജനറല്‍ എന്റര്‍ട്ടൈന്‍മെന്റ് അതോരിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് നിര്‍ദേശം നല്‍കി.