റിയാദ്: സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി ഇല്ലാതെ വിദേശയാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം. പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ ഉള്‍പ്പെടെ ചുമതല പുരുഷ രക്ഷകര്‍ത്താവില്‍ നിക്ഷിപ്തമായ രീതിക്കാണ് പുതിയ തീരുമാനത്തോടെ മാറ്റം വരുന്നത്.

21 വയസ്സിന് മുകളില്‍ പ്രായമുള്ള സൗദി സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്‍റെ അനുമതി ഇല്ലാതെ രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  അപേക്ഷ സമര്‍പ്പിക്കുന്ന സൗദി പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക ഗസറ്റ് വിഞ്ജാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകര്‍ത്താവിന്‍റെ അനുമതി വേണമെന്നത് കാലങ്ങളായി സൗദിയിലെ നിയമമാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.