കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ടി 3 ഡെസേര്‍ട്ട് ബാജ റാലിയില്‍ ചാമ്പ്യയായ ആദ്യ അറബ് വനിത മോട്ടോര്‍ സ്‌പോര്‍ട്‌സ് അത്‌ലറ്റ് കൂടിയാണ് ദാനിയ.

റിയാദ്: പോര്‍ച്ചുഗല്‍ റാലിയില്‍ കരുത്ത് തെളിയിക്കാന്‍ സൗദി വനിത കാറോട്ട താരം. ഒക്ടോബര്‍ 27 മുതല്‍ 29 വരെ പോര്‍ച്ചുഗലില്‍ നടക്കുന്ന പോര്‍ട്ടലെഗ്രെ 500 റാലി എന്നറിയപ്പെടുന്ന ആറാമത് ഡെസേര്‍ട്ട് ബാജ റാലി ലോകകപ്പില്‍ പങ്കെടുക്കാന്‍ സൗദി വനിതാ താരം ദാനിയ അഖീല്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി. കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ നടന്ന അസീര്‍ അല്‍ഖസീം റാലിയില്‍ പങ്കെടുത്ത ശേഷമാണ് ദാനിയ പോര്‍ച്ചുഗലിലെ ലോകകപ്പിനായി പോകുന്നത്. 

മോട്ടോര്‍ സൈക്കിള്‍ സര്‍ക്യൂട്ട് റേസിങില്‍ ആദ്യമായി ലൈസന്‍സ് നേടിയ സൗദി വനിതയാണിവര്‍. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ടി 3 ഡെസേര്‍ട്ട് ബാജ റാലിയില്‍ ചാമ്പ്യയായ ആദ്യ അറബ് വനിത മോട്ടോര്‍ സ്‌പോര്‍ട്‌സ് അത്‌ലറ്റ് കൂടിയാണ് ദാനിയ. അബ്ദുല്ലത്തീഫ് ജമീല്‍ മോട്ടോഴ്‌സ്, നമിര്‍ സൗദി ഗ്രൂപ്പ്, ഹെര്‍ട്‌സ് കമ്പനി, ടൊയോട്ട ഓയില്‍, ബിഎഫ് ഗുഡ്‌റിച്ച് ടയേഴ്‌സ്, ഫീമി 9 എന്നീ കമ്പനികളാണ് പോര്‍ച്ചുഗല്‍ റാലിയില്‍ ഇവരുടെ സ്‌പോണ്‍സര്‍മാര്‍. അവരുടെ ഫ്രഞ്ച് നാവിഗേറ്ററായ ലോറന്റ് ലിച്ച്‌ലിച്ചറിനൊപ്പമാണ് പോര്‍ച്ചുഗലിലേക്ക് പോകുന്നത്. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി എല്‍ ഓട്ടോമൊബൈല്‍ സംഘടിപ്പിക്കുന്ന ആറാമത് റൗണ്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദാനിയ പറഞ്ഞു.

Read More -  സൗദിയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനശേഷി കൂടുതല്‍

35 വര്‍ഷമായി തുടരുന്ന പോര്‍ച്ചുഗല്‍ റാലി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രോസ് കണ്ട്രി റാലിയാണ്. 1987ല്‍ പോര്‍ലെഗ്രെ നഗരത്തിലാണ് ഇത് ആരംഭിച്ചത്. ക്വാഡ് ഇനത്തില്‍പ്പെട്ട നിരവധി ബൈക്കുകളും കാറുകളും പങ്കെടുക്കുന്ന മത്സരം 668.37 കിലോമീറ്ററാണ്. ഇതില്‍ 473.50 കിലോമീറ്റര്‍ മഴ പെയ്ത് ചെളി നിറഞ്ഞ പ്രദേശങ്ങളിലൂടെ ആയിരിക്കും.

Read More - സ്‍ത്രീകള്‍ ഉള്‍പ്പെടെ 67 പ്രവാസികളെ അറസ്റ്റ് ചെയ്‍തു; വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുന്നു

ഈ സീസണില്‍ റഷ്യ, ജോര്‍ദാന്‍, ഇറ്റലി, സ്‌പെയിന്‍, പോളണ്ട് എന്നിവിടങ്ങളിലായി അഞ്ചു റൗണ്ട് പൂര്‍ത്തിയാക്കി ടി 3യില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ദാനിയ. ജിദ്ദയില്‍ ജനിച്ചു വളര്‍ന്ന ദാനിയ, ലണ്ടനിലെ ഹോളോവേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കണ്‍സള്‍ട്ടിങ് രംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.