ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി നഴ്‍സിനെയാണ് യുവാവ് മര്‍ദിച്ചത്. നഴ്‍സിനെ ആക്രമിക്കുകയും നിലത്തുകൂടി വഴിച്ചിഴക്കുകയും ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ നഴ്‍സിനെ മര്‍ദിക്കുകയും തറയിലൂടെ വഴിച്ചിഴക്കുകയും ചെയ്‍ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അസീര്‍ പ്രവിശ്യയിലുള്ള മജാരിദ ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. നഴ്‍സിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി നഴ്‍സിനെയാണ് യുവാവ് മര്‍ദിച്ചത്. നഴ്‍സിനെ ആക്രമിക്കുകയും നിലത്തുകൂടി വഴിച്ചിഴക്കുകയും ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിനിരയായ നഴ്‍സ് ഉച്ചത്തില്‍ നിലവിളിക്കുകയും പരിസരത്തുണ്ടായിരുന്നവരുടെ സഹായം തേടുകയും ചെയ്‍തു.

ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടാണ് സൗദി യുവാവിനെ പിടിച്ചുമാറ്റിയത്. ഉടന്‍ തന്നെ സുരക്ഷാ വകുപ്പുകള്‍ ഇടപെട്ട് ഇയാളെ അറസ്റ്റ് ചെയ്‍ത് ലോക്കപ്പിലേക്ക് മാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. 

നഴ്‍സിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി മജാരിദ ഗവര്‍ണറേറ്റിലെ അണ്ടര്‍ സെക്രട്ടറി താമിര്‍ ബിന്‍ നായിഫ് അല്‍ ബഖമി അറിയിച്ചു. സൗദി അറേബ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നിയമപ്രകാരം ലഭിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്‍താല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം റിയാല്‍ വരെ (രണ്ട് കോടി ഇന്ത്യന്‍ രൂപ) പിഴയോ ലഭിക്കും.