റിയാദ്: സൗദിയില്‍ എഞ്ചിനീയര്‍ പ്രൊഫഷനില്‍ സ്വദേശിവല്‍ക്കരണം. സ്വകാര്യ മേഖലയില്‍ എഞ്ചിനീയര്‍ പ്രൊഫഷനില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന് മാനവശേഷി സാമൂഹിക ക്ഷേമ മന്ത്രി അഹമദ് അല്‍ രാജ്ഹിയാണ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തില്‍ ഞായറാഴ്ച മന്ത്രി ഒപ്പുവെച്ചു.

പുതിയ വിജ്ഞാപനം അനുസരിച്ചു സ്വദേശി എഞ്ചിനീയര്‍മാരുടെ മിനിമം ശമ്പളം ഏഴായിരം റിയാലാണ്. എഞ്ചിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് പുതിയ തീരുമാനം ബാധകം. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്കാവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഹമദ് അല്‍ രാജ്ഹി വ്യക്തമാക്കി.

ഈ മാസം 20 മുതല്‍ പ്രധാനപ്പെട്ട ഒന്‍പത് വ്യാപാര മേഖലകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. കാപ്പി, ചായ, മിനറല്‍ വാട്ടര്‍, ശീതള പാനീയങ്ങള്‍, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഈന്തപ്പഴവും വില്‍ക്കുന്ന കടകളും ധാന്യങ്ങള്‍, ആഡംബര വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, കളിക്കോപ്പുകള്‍, ഇറച്ചി, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിലക്കുന്ന കടകളിലുമാണ് ഓഗസ്റ്റ് 20 മുതല്‍  സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. ഈ മേഖലയിലെ മൊത്ത -ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നിര്‍ബന്ധമാക്കിയത്.