കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. സൗദി സൈന്യം ഇവയെ തകർത്ത് അക്രമ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ആക്രമണ ശ്രമത്തിലാണ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‍തത്. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു.