മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകാരില്‍ 70 ശതമാനം പേരും വിദേശികള്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രം നോക്കി മറ്റ് മുന്‍ഗണനകള്‍ ഒന്നും ഇല്ലാതെയാണ് വിദേശികളെ ഹജ്ജിന് തെരഞ്ഞെടുത്തതെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം. സൗദിയിലുള്ള വിദേശികളില്‍ നിന്നും സ്വദേശികളില്‍ നിന്നുമായി പതിനായിരം പേര്‍ക്ക് മാത്രമാണ്  ഈ വര്‍ഷത്തെ ഹജ്ജിന് അവസരമെന്നാണ് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്. 

വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ നയതന്ത്ര ഉദ്യോഗസ്ഥരെയോ മറ്റു പ്രമുഖ വ്യക്തികളെയോ ഹജ്ജിനായി ഈ വര്‍ഷം തെരഞ്ഞെടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഹജ്ജ് -ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഫ് ബിന്‍ സുലൈമാന്‍ മുശാത് വ്യക്തമാക്കി. ഇത്തവണ ഹജ്ജിന് ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടതില്ലെന്ന  സല്‍മാന്‍ രാജാവിന്റെ തീരുമാനപ്രകാരമാണിത്. ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുക. തീര്‍ത്ഥാടകരുടെയും അവര്‍ക്ക് സേവനം നല്കുന്നവരുടെയും സുരക്ഷക്കാണ് മുഴുവന്‍ വകുപ്പുകളും പ്രാധാന്യം നല്‍കുന്നത്.

പുണ്യസ്ഥലങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന തൊഴിലാളികള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രാലയം ഇതിനോടകം കൊവിഡ് പരിശോധനകള്‍ നടത്താന്‍ തുടങ്ങി. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നടത്തുക. അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 3 വരെയുള്ള കാലയളവില്‍ അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുക. കഴിഞ്ഞ വര്‍ഷം ഏകദേശം 25 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചത്.