റെഡ് ഹാര്‍ട്ട്, റോസ് ചിഹ്നങ്ങള്‍ പോലുള്ളവയും മറ്റ് സമാന അര്‍ത്ഥങ്ങള്‍ ഉള്ള ചിഹ്നങ്ങളും സ്വീകരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ അവരെ അസ്വസ്ഥരാക്കുകയോ ചെയ്താല്‍ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അല്‍ മോതാസ് കുത്ബി വിശദമാക്കി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) സാമൂഹിക മാധ്യമങ്ങളില്‍ റെഡ് ഹാര്‍ട്ട്, റോസ് തുടങ്ങിയ ഇമോജികള്‍ അയയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക. ഒരാളുടെ സമ്മതമില്ലാതെ ഇത്തരം ഇമോജികള്‍ അയച്ചാല്‍ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വര്‍ഷം വരെ തടവും 1,00,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. സൗദി ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനുമായ അല്‍ മോതാസ് കുത്ബി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്.

നിസാരമെന്ന് തോന്നിയേക്കാവുന്ന ഈ വിഷയം പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതായും ഇതിന്റെ ഗൗരവം പലരും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ് ഹാര്‍ട്ട്, റോസ് ചിഹ്നങ്ങള്‍ പോലുള്ളവയും മറ്റ് സമാന അര്‍ത്ഥങ്ങള്‍ ഉള്ള ചിഹ്നങ്ങളും സ്വീകരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ അവരെ അസ്വസ്ഥരാക്കുകയോ ചെയ്താല്‍ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അല്‍ മോതാസ് കുത്ബി വിശദമാക്കി. മോശമായ പ്രയോഗത്തില്‍ അല്ലാതെ സാധാരണ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ഇമോജികള്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ല.