60 വയസ്സിന് മുകളിലുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരോടുള്ള ബഹുമാനാർഥവുമാണ് ഈ പ്രത്യേക സംരംഭം ആരംഭിച്ചത്. 

റിയാദ്: റിയാദിൽ പൊതുഗതാഗ ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് നിരക്കിൽ 50 ശതമാനം കിഴിവ് ആരംഭിച്ചതായി റിയാദ് പൊതുഗതാഗതം വ്യക്തമാക്കി. പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരോടുള്ള ബഹുമാനാർഥവുമാണ് ഈ പ്രത്യേക സംരംഭം ആരംഭിച്ചത്. 

ടിക്കറ്റ് സെയിൽസ് ഓഫീസുകളിൽ ദേശീയ ഐഡിയോ റെസിഡൻസി കാർഡോ ഹാജരാക്കിയാൽ 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കിഴിവ് ലഭ്യമാകുമെന്ന് പൊതുഗതാഗതം വ്യക്തമാക്കി. വൃദ്ധർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും തലസ്ഥാനത്തി​ന്റെ ഗതാഗത ശൃംഖലയിൽ കൂടുതൽ സുഖകരവും വഴക്കമുള്ളതുമായ ദൈനംദിന അനുഭവം ആസ്വദിക്കാനും പ്രാപ്തരാക്കുന്നതിലൂടെ അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും പൊതുഗതാഗതം പറഞ്ഞു.