ദുബായ്: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നടത്തിയ പരിശോധനകളില്‍ 1486 കുപ്പി മദ്യം പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. മൂന്ന് വ്യത്യസ്ഥ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരുഭുമിയ്ക്ക് നടുവില്‍ പ്രത്യേക കുഴിയുണ്ടാക്കി അവിടെ സൂക്ഷിച്ച നിലയിലായിരുന്നു ആയിരത്തില്‍പരം കുപ്പികളെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ആദില്‍ മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

മൂന്ന് പ്രവാസികള്‍ കുഴികളില്‍ നിന്ന് മദ്യക്കുപ്പികള്‍ പുറത്തെടുക്കുന്നത് പൊലീസ് പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തടികൊണ്ട് നിര്‍മിച്ച പെട്ടികളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. മൂവരെയും സംഭവ സ്ഥലത്തുവെച്ചുതന്നെ പിടികൂടി. 24 പ്ലാസ്റ്റിക് ബാഗുകളിലായി 1100 കുപ്പി മദ്യമായിരുന്നു ഇവിടെ ഒളിപ്പിച്ചിരുന്നത്.

കാറില്‍ മദ്യം കടത്തുന്നതിനിടെയായിരുന്നു മറ്റ് രണ്ട് പ്രവാസികളെ പിടികൂടിയത്. നിയമവിരുദ്ധ പ്രവൃത്തികള്‍ സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവരും വാഹനവുമായി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. 115 കുപ്പി മദ്യമാണ് ഇവരുടെ വാഹനത്തിലുണ്ടായിരുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മറ്റൊരു വാഹനത്തില്‍ നിന്ന് മദ്യം പിടിച്ചെടുത്തത്. 258 കുപ്പി മദ്യമായിരുന്നു ഈ വാഹനത്തിലുണ്ടായിരുന്നത്.