മരണപ്പെട്ട ആറ് സഹോദരങ്ങളോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരന്മാരും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വാഇഫിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങളടക്കം ഏഴ് പേർ മരിച്ചു. ത്വാഇഫിനേയും അൽബാഹയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ദാരുണമായ അപകടമുണ്ടായത്. ഒരു വാഹനത്തിലെ ഡ്രൈവറാണ് മരിച്ചത്. നാല് വയസുള്ള ഒരു കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മരണപ്പെട്ട ആറ് സഹോദരങ്ങളോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും മൂന്ന് സഹോദരന്മാരും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മരിച്ചയാളുടെ സഹോദരൻ മുഹമ്മദ് സാലിം അൽ ഗാംദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അൽബാഹയേയും ത്വാഇയിഫിനേയും ബന്ധിപ്പിക്കുന്ന റോഡിൽ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.
ഒരു സഹോദരിയും അഞ്ച് സഹോദരങ്ങളുമായി ആറ് പേരാണ് മരിച്ചു. മൂത്തയാൾക്ക് പതിനേഴു വയസ്സും ഇളയവന് രണ്ടര വയസ്സുമാണ്. പിതാവും മാതാവും രണ്ട് പെൺമക്കളും ഒരു മകനും ത്വാഇഫിലെ കിങ് ഫൈസൽ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, കിങ് അബ്‍ദുൽ അസീസ് സ്‍പെഷ്യലിസ്റ്റ് ആശുപത്രി, പ്രിൻസ് സുൽത്താൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ആറ് പേരെയും ത്വാഇഫിൽ ഖബറടക്കിയതായും മുഹമ്മദ് സാലിം അൽഗാംദി പറഞ്ഞു.
Read also: സൗദിയില്‍ കാറപകടത്തിൽ മരിച്ച മൂന്ന് വയസുകാരിയുടെ മൃതദേഹം ത്വാഇഫിൽ ഖബറടക്കി
