റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറ് വിദേശികളടക്കം ഏഴുപേർ മരിച്ചു. 23നും 67നും ഇടയിൽ പ്രായമുള്ള ആറ് വിദേശികൾ മക്കയിലും  ജിദ്ദയിലുമാണ് മരിച്ചത്. ജിദ്ദയിൽ മരിച്ച സൗദി പൗരന് 69 വയസുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 121 ആയി ഉയർന്നു. 

പുതുതായി 1158 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഏഴാം ദിവസവും തുടർന്ന ഫീൽഡ് സർവേയിലൂടെയാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. പുതിയ രോഗികളിൽ 15 ശതമാനം മാത്രമാണ് സ്വദേശികൾ. 85 ശതമാനവും വിദേശികളാണ്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 13930 ആയി. ഇവരിൽ 1925 പേർ സുഖം പ്രാപിച്ചു. 

ബുധനാഴ്ച 113 പേർക്കാണ് രോഗമുക്തിയുണ്ടായത്. 11884 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ. ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ ടീമുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് സർവേയുമായി രംഗത്തുള്ളത്.