സ്കൂള്‍ ബസിനുള്ളില്‍ വെച്ച് ഒരു ആണ്‍കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് അടിക്കുകയും തള്ളുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്തത്. 

ഷാര്‍ജ: യുഎഇയില്‍ സ്കൂള്‍ ബസിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവത്തില്‍ ഏഴ് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വ്യാഴാഴ്ച ഷാര്‍ജയിലെ കല്‍ബ കോടതിയില്‍ ഹാജരാക്കും. ബസിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

കസ്റ്റഡിയിലെടുത്തവരില്‍ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജുവനൈല്‍ സെന്ററിലേക്ക് മാറ്റി. ക്രൂരമായി ആക്രമിച്ചത് രണ്ട് കുട്ടികള്‍ ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. മറ്റ് അഞ്ച് പേരും ആക്രമണത്തില്‍ പങ്കെടുത്തു. ഉപദ്രവം, അസഭ്യം പറയല്‍, അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കയും ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

സ്കൂള്‍ ബസിനുള്ളില്‍ വെച്ച് ഒരു ആണ്‍കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് അടിക്കുകയും തള്ളുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്തത്. മര്‍ദനമേറ്റ് കുട്ടിയുടെ കണ്ണട നിലത്ത് വീണു. അറബിയില്‍ ശകാരിക്കുന്നതും കേള്‍ക്കാമായിരുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു. ഉപദ്രവിച്ചവര്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ വീഡിയോയും ചിത്രീകരിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. ഉപദ്രവത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസ് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവര്‍ രേഖാമൂലമുള്ള പരാതി നല്‍കി. വലിയ മര്‍ദനത്തിനിരയായിട്ടും കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു. തനിക്ക് വാട്‍സ്ആപ് വഴി വീഡിയോ കിട്ടിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ച പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.