വർഷങ്ങളായി കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലും റിസർച്ച് സെന്‍ററും സംയുക്തമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ സുപ്രധാന നേട്ടം.
റിയാദ്: രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അർബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയയുടെ ചികിത്സക്കായി സൗദി അറേബ്യയിൽ ആദ്യമായി വികസിപ്പിച്ച ജീൻ തെറാപ്പി ചികിത്സാരീതിയുടെ ക്ലിനിക്കൽ പഠനത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. വർഷങ്ങളായി കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലും റിസർച്ച് സെന്‍ററും സംയുക്തമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഈ സുപ്രധാന നേട്ടം.
'ക്ലോസ്ഡ് ട്രാൻസ്ഡക്ഷൻ സിസ്റ്റം ഉപയോഗിച്ച്, സിഡി 19 പോസിറ്റീവ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) എന്ന രോഗം തിരികെ വന്നതോ ചികിത്സയിലൂടെ ഭേദമാകാത്തതോ ആയ മുതിർന്ന രോഗികളിൽ കൈമെറിക് ആൻ്റിജൻ റിസപ്റ്റർ (CAR) ടി-സെല്ലുകൾ ഉപയോഗിച്ചുള്ള ഫേസ് 1 പഠനം' എന്നതാണ് ഈ ചികിത്സാ രീതിയുടെ പേര്. രക്തത്തെയും മജ്ജയെയും ബാധിക്കുന്നതും വളരെ വേഗത്തിൽ വ്യാപിക്കുന്നതുമായ ഒരുതരം അർബുദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന് എസ്എഫ്ഡിഎ വ്യക്തമാക്കി. ഈ രോഗം മൂലം മജ്ജയിൽ അസാധാരണമായ ലിംഫോബ്ലാസ്റ്റുകൾ വർദ്ധിക്കുകയും സാധാരണ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇത് ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും ഓക്സിജന്‍റെ വിതരണം, രക്തസ്രാവം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളെ ബാധിക്കുകയും ചെയ്യും. ഈ പരീക്ഷണാത്മക ചികിത്സ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും ലെന്റിജൻ കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്നതാണ്. ഹോസ്പിറ്റലിന്റെ തന്നെ ആഭ്യന്തര യൂനിറ്റിലാണ് ഇത് ക്ലോസ്ഡ് ട്രാൻസ്ഡക്ഷൻ സിസ്റ്റം ഉപയോഗിച്ച് നിർമ്മിക്കുന്നത്. 'ക്ലോസ്ഡ് ട്രാൻസ്ഡക്ഷൻ സിസ്റ്റം' ഉപയോഗിക്കുന്ന ഈ ചികിത്സ, രോഗികൾക്ക് ഞരമ്പിലൂടെയാണ് നൽകുന്നത്. മരുന്ന് ഡ്രിപ്പ് വഴി രോഗികൾക്ക് നൽകുന്നു. 18 മുതൽ 60 വരെ വയസ്സുള്ള രോഗികളിൽ ഉൽപന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം. സങ്കീർണ്ണമായ രോഗങ്ങൾക്കുള്ള ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും ക്ലിനിക്കൽ പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യവും ഫലപ്രദവുമായ ഒരു നിയന്ത്രണ സംവിധാനം നൽകാൻ എസ്എഫ്ഡിഎ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ അറിയിച്ചു.
