ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.

ഷാര്‍ജ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വെള്ളിയാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. പ്രേക്ഷകരുമായി താരം സംവദിക്കും.

Read More -  15 ലക്ഷം പുസ്തകങ്ങളുമായി 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം

പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോൽസവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം സ്വന്തമാക്കി കഴിഞ്ഞു. അക്ഷരങ്ങൾ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോൽസവത്തിൻറെ പ്രമേയം. നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നിൽക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ പുസ്തകോൽസവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവം വളര്‍ന്നു കഴിഞ്ഞു.

അറിവിനും അക്ഷരങ്ങൾക്കും എന്നും ഒന്നാം സ്ഥാനം കല്‍പ്പിക്കുന്ന ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീര്‍ഘദര്‍ശിത്വമാണ് ഷാര്‍ജ പുസ്തകോൽസവത്തിൻറെ ഇന്നത്തെ പേരും പെരുമയും. 95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്.

Read More -  നിലമ്പൂര്‍ തേക്കില്‍ ശൈഖ് മുഹമ്മദിന്‍റെ ചിത്രം; ദുബൈ ഭരണാധികാരിക്ക് നല്‍കണമെന്ന മോഹവുമായി മലയാളി

ഇന്ത്യയിൽ നിന്ന് 112 പ്രസാധകരാണ് ഷാര്‍ജ പുസ്തകോൽസവത്തിൻറെ ഭാഗമാകുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോൽസവത്തിൽ നടക്കും. സുനിൽ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപൻ, സി.വി.ബാലകൃഷ്ണൻ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പ്രവാസലോകത്തെ ഈ കാവ്യോൽസവത്തിലേക്കെത്തുന്നുണ്ട്. സിനിമ നടൻ കോട്ടയം നസീറിൻറെ ചിത്രങ്ങൾ വാങ്ങാനും ആസ്വദിക്കാനും പുസ്തകോൽസവത്തിൽ അവസരമുണ്ടാകും. ഇതിനു പുറമേ നസീറിൻറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകവും ലഭ്യമാണ്.