കഴിഞ്ഞ 44 കൊല്ലമായി മത്രയില്‍ തയ്യല്‍ കട നടത്തി വരുന്ന ഷാജി സെബാസ്റ്റ്യന്‍ സഹായങ്ങള്‍ ആവശ്യമാകുന്ന ഏതൊരു ഇന്ത്യക്കാരനും സര്‍വ സഹായങ്ങളുമായി നിസ്വാര്‍ത്ഥതയോട് കര്‍മ്മനിരതനായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
മസ്‌കറ്റ്: പ്രവാസലോകത്തെ നിസ്വാര്‍ത്ഥ സേവനത്തിന് അംഗീകാരമായി ഷാജി സെബാസ്റ്റ്യന്‍ ലോക കേരളസഭയിലേക്ക്. കൊല്ലം ജില്ലയിലെ തങ്കശ്ശേരിയില്‍ നിന്നും 1978ല്‍ ഒമാനിലെത്തിയ ഷാജി സെബാസ്റ്റ്യന്‍ ഒമാനിലെ മത്രയിലെത്തിയ ആദ്യനാള്‍ മുതല്‍ക്ക് തന്നെ സഹജീവികളെ കരുതുക എന്ന ആശയത്തോട് കൂടി തന്നെയാണ് പ്രവാസ ജീവിതം നയിച്ചത്.
കഴിഞ്ഞ 44 കൊല്ലമായി മത്രയില്‍ തയ്യല്‍ കട നടത്തി വരുന്ന ഷാജി സെബാസ്റ്റ്യന്‍ സഹായങ്ങള്‍ ആവശ്യമാകുന്ന ഏതൊരു ഇന്ത്യക്കാരനും സര്‍വ സഹായങ്ങളുമായി നിസ്വാര്‍ത്ഥതയോട് കര്‍മ്മനിരതനായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഒമാനില്‍ തീരെ പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെയും ജോലി ഇല്ലാതെയും തൊഴില്‍ നഷ്ടപെട്ടും തിരിച്ചു നാട്ടിലേക്കു പോകുവാന്‍ ആഗ്രഹിച്ചവര്‍ക്കും ജോലി എന്ന വലിയ സ്വപ്നങ്ങളുമായി അലഞ്ഞവര്‍ക്കും അപകടങ്ങളും രോഗങ്ങളും കാരണം ചികിത്സ ആവശ്യമുള്ളവര്‍ക്കും മൃതശരീരങ്ങള്‍ നാട്ടിലേക്ക് അയക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഒപ്പം ചേര്‍ന്ന് നിന്ന് അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നിശബ്ദമായി എത്തിക്കുക എന്ന ശൈലിയായിരുന്നു സാമൂഹിക രംഗത്ത് ഷാജി അനുവര്‍ത്തിച്ചു വന്നിരുന്നത്.
പ്രവാസി ഗാർഹിക തൊഴിലാളി ലോക കേരളസഭയിലേക്ക്; ഒമാനിൽ നിന്നും അഞ്ച് പുതുമുഖങ്ങൾ
പൊതു രംഗത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ സ്വയം തയ്യാറാകുമ്പോള്‍ ലാഭനഷ്ട കണക്കുകള്‍ നോക്കുന്നത് ഒരിക്കലും ശരിയായ പ്രവണതയല്ല എന്നാണ് ഷാജിയുടെ കാഴ്ചപ്പാട്. കാരണം കുറെ പണം സമ്പാദിച്ച് ബാങ്കിലെ നീക്കിയിരിപ്പ് ഭദ്രമാക്കിയ ശേഷം ഒപ്പം തന്റെയും കുടുംബത്തിന്റെയും മക്കളുടെയും ജീവിതമെല്ലാം സുരക്ഷിതമാക്കിയിട്ട് സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിക്കുന്നതിനോട് യോജിക്കുവാന്‍ കഴിയുകയില്ലെന്നും ഷാജി സെബാസ്റ്റ്യന്‍ പറഞ്ഞു.
തന്നെ ലോക കേരളാ സഭയിലേക്കു തിരഞ്ഞെടുത്തതില്‍ അതീവ സാന്തോഷമുണ്ടെന്നും ഷാജി പ്രതികരിച്ചു. നമ്മുടെ സഹജീവികള്‍ക്ക് നമ്മളാല്‍ കഴിയുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന ആശ്വാസത്തില്‍ സംതൃപ്തി കണ്ടെത്തുകയാണ് ഏതൊരു സാമൂഹിക പ്രവര്‍ത്തകനും ആത്യന്തികമായി ലഭിക്കുന്ന മൂല്യമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
മൂന്നാം ലോകകേരള സഭയില്‍ തനിക്ക് ലഭിച്ചിട്ടുള്ള അംഗത്വം ഒമാനിലെ പ്രവാസികളുടെ വിഷയങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നേരിട്ട് ഉന്നയിക്കാനും പരിഹാരം കാണുവാന്‍ വിനയോഗിക്കുമെന്നും ഷാജി സെബാസ്റ്റ്യന്‍ പറഞ്ഞു.
നിലവില്‍ ഒമാനില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള കൈരളി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഷാജി സെബാസ്റ്റ്യന്‍. ജൂണ്‍ പതിനാറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഷാജി സെബാസ്റ്റ്യന്‍.
