ഇറാൻ- ഇസ്രയേൽ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിയത്.
ഷാര്‍ജ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വ്യോമപാത അടച്ചതോടെ യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഷാര്‍ജ വിമാനത്താവളം. വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎഇ എയര്‍ലൈനുകള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അറിയിപ്പ്.
യാത്രക്കാര്‍ യാത്ര പുറപ്പെടും മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനം റദ്ദാക്കിയിട്ടുണ്ടോയെന്നും വൈകുമോയെന്നും ഉറപ്പാക്കണമെന്നും ഷാര്‍ജ വിമാനത്താവളം മുന്നറിയിപ്പ് നല്‍കി. തടസ്സരഹിതമായ യാത്രക്കായി അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഷാര്‍ജ എയര്‍പോര്‍ട്ട് വ്യക്തമാക്കി.
അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബൈ എയർപോർട്ടിൽ നിന്നും അബുദാബി എയർപോർട്ടിൽ നിന്നുമുള്ള വിമാന സർവീസുകളെ സംഘർഷം ബാധിച്ചു. ദുബൈയിൽ നിന്നുള്ള ഇറാൻ, ഇറാഖ്, സിറിയ സർവീസുകൾക്ക് തടസം നേരിട്ടു. നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും വെള്ളിയാഴ്ച റദ്ദാക്കിയത്.

