Asianet News MalayalamAsianet News Malayalam

Gulf News : ഷാര്‍ജയില്‍ ഇനി ആഴ്ചയില്‍ മൂന്ന് ദിവസം അവധി

ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി.

Sharjah announced three day weekend
Author
Sharjah - United Arab Emirates, First Published Dec 9, 2021, 7:08 PM IST

ഷാര്‍ജ: ഷാര്‍ജയില്‍(Sharjah) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി(three day weekend) പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ(Sheikh Dr Sultan bin Muhammad Al Qasimi) നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിലയിരുത്തലുകള്‍ക്ക് ശേഷം ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്(Executive Council ) തീരുമാനം പ്രഖ്യാപിച്ചത്.

ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. ഷാര്‍ജയില്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കി പ്രവൃത്തി ദിവസം നാലാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച  രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരും. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്‍ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും.

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം

അബുദാബി: യുഎഇയില്‍ പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ മാറ്റവും പ്രവൃത്തി ദിവസങ്ങളിലെ പരിഷ്‍കാരവും സ്വകാര്യ മേഖലയും ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രിയാണ് സ്വകാര്യ മേഖലയിലെ കമ്പനികളോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ബിസിനസ്‍ താത്പര്യങ്ങള്‍ക്ക് അനുഗുണമാവുന്ന തരത്തിലും ജീവനക്കാരുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുന്ന രീതിയിലും അവരുടെ കുടുംബജീവിതത്തിന് സഹായമായും പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ കമ്പനികളോട് നിര്‍ദേശിച്ചത്. വെള്ളിയാഴ്‍ച നമസ്‍കാര സമയത്ത് തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ നിര്‍ബന്ധമായും ഇടവേള നല്‍കിയിരിക്കണം. രണ്ടര ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച പുതിയ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രി സ്വകാര്യ മേഖലയെക്കുറിച്ചും പ്രതിപാദിച്ചത്.

അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആഴ്‍ചയില്‍ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കമ്പനികള്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അവധി ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ഏതെങ്കിലും ഒരു പ്രത്യേക ദിവസം തന്നെ അവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും തൊഴില്‍ കരാര്‍ അനുസരിച്ച് തൊഴിലുടമയും ജീവനക്കാരും ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയാണെന്ന് വേണ്ടതെന്നും മന്ത്രി പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios