ഷാര്‍ജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി ഇലക്ഷനിൽ വിശാല ജനകീയ മുന്നണിക്ക് ജയം.  ഇ പി ജോൺസണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

വാശിയേറിയ തെരഞ്ഞെടുപ്പിൽ നിലവിലെ അസോസിയേഷൻ ഭരണസാരഥികൾ തുടര്‍ ജയം പിടിച്ചെടുക്കുകയായുരുന്നു. പ്രസിഡന്‍റായി ഇപി ജോണ്‍സണും, സെക്രട്ടറിയായി അബുദുള്ള മല്ലിച്ചേരിയും രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. കെ ബാലകൃഷ്ണനാണ് ട്രഷറർ. വൈസ് പ്രസിഡൻറായി അഡ്വ. വൈ എ റഹീം, ജോ. ജനറൽ സെക്രട്ടറിയായി ടി കെ ശ്രീനാഥൻ എന്നിവരും വിജയിച്ചു.

സമവാക്യം മാറിയാണ് ഇക്കുറി മുന്നണികൾ രൂപപ്പെട്ടത്. ഇൻകാസ്, കെ.എം.സി.സി, ഐ.എം.സി.സി, യുവകലാസാഹിതി, ടീം ഇന്ത്യ, പ്രവാസി ഷാർജ തുടങ്ങിയ കൂട്ടായ്മകളുടെ പിന്തുണ വിശാല ജനകീയ മുന്നണിക്കായിരുന്നു. ബി.ജെ.പി അനുകൂല സ്ഥാനാർഥികളും ചില സ്വതന്ത്ര സ്ഥാനാർഥികളും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചെങ്കിലും സാന്നിധ്യം അറിയിക്കാനായില്ല. 

ഐ എ എസ് മുൻ ഭരണസമിതി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അംഗങ്ങൾ നൽകിയ അംഗീകാരമാണിതെന്ന് വിജയികള്‍ അഭിപ്രായപ്പെട്ടു. ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കായി 43 പേരാണ് മത്സരരംഗത്തുള്ളത്. ആകെ 1419 പേരാണ് വോട്ടു ചെയ്തത്.