ഷാര്‍ജ: സ്വദേശിവത്കരണം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പ് വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം ഷാര്‍ജ ഭരണകൂടം പ്രഖ്യാപിച്ചു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഈ വകുപ്പിന്റെ ചുമതലയായിരിക്കും.

സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭ്യമാക്കാന്‍ പുതിയ പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതനുസരിച്ച് സ്വദേശികള്‍ക്കുള്ള ശമ്പളം കമ്പനികള്‍ സര്‍ക്കാറില്‍ നിക്ഷേപിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് സര്‍ക്കാറായിരിക്കും ശമ്പളം വിതരണം ചെയ്യുന്നത്. പൊതുമേഖലയില്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന ശമ്പളം സ്വകാര്യ മേഖലയിലും അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃത്യമായ ശമ്പളം തൊഴിലുടമയില്‍ നിന്ന് സ്വദേശികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പൊതുമേഖലയില്‍ ലഭിക്കുന്നതിന് തുല്യമായ വേതനം സ്വകാര്യ മേഖലയിലും സ്വദേശികള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ക്ക് സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.