ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകള്‍ ഈ മാസം 27 ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി(എസ്പിഇഎ). ഇതിന് മുന്നോടിയായി കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസം മുമ്പാണ് സ്‌കൂളുകള്‍ അടച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയായിരുന്നു പിന്നീട് പഠനം തുടര്‍ന്നത്. ഓഗസ്റ്റ് 31ന് രാജ്യത്തെ ചില എമിറേറ്റുകളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു. ഈ മാസം 13ന് സ്‌കൂളുകള്‍ തുറക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.  

എസ്പിഇഎ അധികൃതര്‍ സ്വകാര്യ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകരുടെയും ജീവനക്കാരുടെയും, ക്ലാസ്മുറി പഠനം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെയും കൊവിഡ് പരിശോധന പുരോഗമിക്കുകയാണ്. എന്നാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും ഈ അധ്യയന വര്‍ഷം ഡിസംബര്‍ വരെ ഓണ്‍ലൈന്‍ വഴിയുള്ള വിദൂര പഠന രീതിയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സ്‌കൂള്‍ ബസുകള്‍, ക്ലാസ് റൂം, ക്യാമ്പസ് എന്നിവിടങ്ങളില്‍ പാലിക്കേണ്ട സാമൂഹിക അകലം, മാസ്‌ക് എന്നിവയെക്കുറിച്ചും സ്‌കൂള്‍ അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.