ഷാര്‍ജ: ഷാര്‍ജയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സ്വകാര്യ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ ഒരുക്കിയിരുന്നു. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്‌കൂളിലും കൈമാറിയതായി ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസം മുമ്പാണ് സ്‌കൂളുകള്‍ അടച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയായിരുന്നു പിന്നീട് പഠനം തുടര്‍ന്നത്. ഓഗസ്റ്റ് 31ന് രാജ്യത്തെ ചില എമിറേറ്റുകളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു. ഈ മാസം 13ന് സ്‌കൂളുകള്‍ തുറക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.