ഒന്നിനും പ്രതികരിക്കാത്തത് കൊണ്ടാണ് മകൾക്ക് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടി വന്നത്. മകൾക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകും
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ നീതി തേടി അമ്മ രംഗത്ത്. മകളുടെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടരുതെന്നും, മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു.
ഭർത്താവിന്റെയും വീട്ടുകാരുടെയും കടുത്ത പീഡനങ്ങൾ വിപഞ്ചിക നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചു. 'ഭർത്താവിനെ സ്നേഹിച്ച ഒരു തെറ്റ് മാത്രമേ അവൾ ചെയ്തിട്ടുള്ളൂ. ഒന്നിനും പ്രതികരിക്കാത്തത് കൊണ്ടാണ് മകൾക്ക് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടി വന്നത്. മകൾക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകും. മരണം വരെ മകൾക്കായി പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് അമ്മ അഭ്യർത്ഥിച്ചു.
കേസെടുത്തു
ഷാർജയിലെ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണത്തിൽ കുണ്ടറ പൊലീസ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തു. ഭർത്താവ് നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയാണ് വകുപ്പുകൾ. കേസെടുത്ത് പ്രതീക്ഷ നൽകുന്നുണ്ടന്നെന്നും നിയമപോരാട്ടംതുടരുമെന്നും വിപഞ്ചികയുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



