അബുദാബി: ഇസ്രയേലുമായുള്ള ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെയ്‍ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രതിനിധീകരിച്ച് വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അ‍ബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനായിരിക്കും കരാറില്‍ ഒപ്പുവെയ്ക്കുക.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്. ചൊവ്വാഴ്‍ചയാണ് യുഎഇ-ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്‍ക്കുക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആയിരിക്കും ഇസ്രയേലിനെ പ്രതിനിധീകരിക്കുക. യുഎഇ ക്യാബിനറ്റ് അംഗവും സാമ്പത്തികകാര്യ മന്ത്രിയുമായ അബ്‍ദുല്ല ബിന്‍ തൌക്ക് അല്‍ മറി, സാമ്പത്തികകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍, അന്താരാഷ്‍ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷ്‍മി എന്നിവര്‍ക്ക് പുറണെ നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്.