ദുബായില്‍ ജോലിക്കിടെ മരിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ആദരാഞ്ജലി അര്‍പ്പിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബിസിനസ് ബേയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിലാണ് കോര്‍പറല്‍ താരിഖ് അബ്‍ദുല്ല അലി എന്ന ഉദ്യോഗസ്ഥന്‍ മരിച്ചത്. 

ശനിയാഴ്ച രാവിലെ 10.40നാണ് ബിസിനസ് ബേയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തുടര്‍ന്ന് സബീല്‍, അല്‍ഖൂസ്, അല്‍ ഇത്തിഹാദ് എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വളരെ വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മരിക്കുകയായിരുന്നു. മരണപ്പെട്ട താരിഖിന്റെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായി ദുബായ് കിരീടാവകാശി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കായി സ്വന്തം ജീവന്‍ ത്യജിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.