ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഒമാന്‍ പൗരത്വവും ശൈഖ് പദവിയും നല്‍കിയിരുന്നു. 

മസ്‍കത്ത്: ഒമാനിലെ മുതിര്‍ന്ന വ്യവസായിയും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായിരുന്ന കനക്സി ഗോഖല്‍ദാസ് ഖിംജി (85) നിര്യാതനായി. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഒമാന്‍ പൗരത്വവും ശൈഖ് പദവിയും നല്‍കിയിരുന്നു. ലോകത്തിലെ ഹിന്ദു മത വിശ്വാസിയായ ഏക ശൈഖ് എന്ന പദവിയും അദ്ദേഹത്തിന് സ്വന്തമായിരുന്നു.

ഒമാനിലെ ആദ്യത്തെ ഇന്ത്യന്‍ സ്‍കൂള്‍ സ്ഥാപിച്ചതടക്കം ഇന്ത്യന്‍ സമൂഹത്തിനും കനപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. 1936ല്‍ ഒമാനില്‍ ജനിച്ച അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മുംബൈയിലാണ്. 144 വര്‍ഷം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃസ്ഥാനം 1970ലാണ് ഏറ്റെടുത്തത്. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കിയ ഖിംജി ഗ്രൂപ്പിന് ഇന്ന് പ്രതിവര്‍ഷം ശതകോടിയിലേറെ ഡോളറാണ് വിറ്റുവരവ്. കണ്‍സ്യൂമര്‍ ഉത്പ്പന്നങ്ങള്‍, ലൈഫ് സ്റ്റൈല്‍, ഇന്‍ഫ്രാസ്‍ട്രക്ചര്‍, പ്രൊജക്ട്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. നിരവധി ആഗോള ബ്രാന്‍ഡുകളുടെ ഒമാനിലെ വിപണന പങ്കാളിയാണ്.

ഇന്ത്യന്‍ സ്‍കൂള്‍ സ്ഥാപിച്ചതിന് പുറമെ, ഇന്നത്തെ ഇന്ത്യന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആദ്യ രൂപമായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപിക്കാനും മുന്‍കൈയെടുത്തു. ഒമാന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാനാണ്. ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫ് മേഖലയില്‍ ആദ്യമായി ലഭിച്ചതും അദ്ദേഹത്തിന് തന്നെയായിരുന്നു. 1970ല്‍ 135 വിദ്യാര്‍ത്ഥികളും ഏഴ് അധ്യാപകരുമായി ആരംഭിച്ച ഇന്ത്യന്‍ സ്കൂളില്‍, ഇന്ന് 21 സ്‍കൂളുകളിലായി 46,000 വിദ്യാര്‍ത്ഥികളും 2000 അധ്യാപകരുമുണ്ട്. 

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കനക്സി ഖിംജിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാരണവര്‍ സ്ഥാനത്തായിരുന്ന അദ്ദേഹം, ഉഭയകക്ഷി ബന്ധത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുന്നു മഹാവീര്‍ പറഞ്ഞു. കനക്സി ഖിംജിയുടെ നിരാണ്യത്തില്‍ അനുശോചനമര്‍പ്പിച്ച് ഒമാനിലെ ഇന്ത്യന്‍ സ്‍കൂളുകളില്‍ വ്യാഴാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കി.