അബുദാബി: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനെ വീണ്ടും യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം. തുടര്‍ച്ചയായ നാലാം തവണയാണ് ശൈഖ് ഖലീഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണശേഷം 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വെച്ച് സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തില്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചു. വികസനത്തിലേക്കും സമൃദ്ധിയിലേക്കും രാജ്യത്തെ നയിക്കുന്ന അദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ക്ക് പരമോന്നത സമിതി ആശംസകളും അറിയിച്ചു. യുഎഇ ഭരണഘടന അനുസരിച്ച് നാല് വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി.