ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ മൂന്ന് വർഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യൺ ദിർഹമും മൊത്തം വരുമാനം 329.2 ബില്യൺ ദിർഹമുമാണ്.
ദുബൈ: ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ഈ മൂന്ന് വർഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യൺ ദിർഹമും മൊത്തം വരുമാനം 329.2 ബില്യൺ ദിർഹമുമാണ്.
ഇതിൽ അഞ്ച് ശതമാനം പ്രവർത്തന മിച്ചം പ്രതീക്ഷിക്കുന്നു. 2026-ലെ ദുബൈ ബജറ്റിന് മാത്രമായി, ആകെ ചെലവ് 99.5 ബില്യൺ ദിർഹവും മൊത്തം വരുമാനം 107.7 ബില്യൺ ദിർഹമുമാണ്. 5 ബില്യൺ ദിർഹമിന്‍റെ പൊതു കരുതൽ ധനവും ഇതിൽ ഉൾപ്പെടുന്നു.
2026-ലെ ബജറ്റിലെ ചെലവുകൾ വിവിധ മേഖലകൾക്കായി വിഭജിച്ചിരിക്കുന്നു:
- അടിസ്ഥാന സൗകര്യ വികസന, നിർമ്മാണ പദ്ധതികൾ: 48%
- സാമൂഹിക വികസന മേഖല: 28%
- സുരക്ഷാ, നീതിന്യായ, സുരക്ഷാ മേഖല: 18%
- സർക്കാർ വികസന മേഖല: 6%
അടുത്ത ദശകത്തിനുള്ളിൽ ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുക, ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ദുബൈയെ സ്ഥാപിക്കുക എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.


