കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കുവൈത്തിന്‍റെ പുതിയ അമീറായി തെരഞ്ഞെടുത്തു. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹാണ് ഇക്കാര്യമറിയിച്ചത്.

മന്ത്രിസഭാ തീരുമാനം പാര്‍ലമെന്റില്‍ അംഗീകരിച്ച ശേഷം നിലവില്‍ ഉപ അമീറായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അമീറായി അധികാരമേല്‍ക്കും. 2006 ഫെബ്രുവരി 7 മുതല്‍ കിരീടാവകാശിയായി തുടരുന്ന ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിന് അന്തരിച്ച അമീറിനെ രോഗബാധിതതനായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് അമീറിന്റെ പ്രത്യേക അധികാരങ്ങളും നല്‍കിയിരുന്നു.

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു.

കുവൈത്ത് അമീറിന്റെ വിയോഗം; രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി, 40 ദിവസത്തെ ദുഃഖാചരണം

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കുവൈത്തില്‍ മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ തുടര്‍ച്ചയായ അഞ്ചു ദിവസം രാജ്യത്ത് അവധിയായിരിക്കും.