നിലവില്‍ പാകിസ്ഥാനിലുള്ള ശൈഖ അസ്മ ഗഷർബ്രം 1, ഗഷർബ്രം 2, ബ്രോഡ് പീക്ക് എന്നീ കൊടുമുടികൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ദോഹ: പാകിസ്ഥാനിലെ നംഗ കൊടുമുടി കീഴടക്കി ഖത്തറിന്റെ പര്‍വ്വതാരോഹക ശൈഖ അസ്മ ബിന്ത് താനി ആല്‍ഥാനി. 8,126 മീറ്റര്‍ ഉയരമുള്ള നംഗ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒമ്പതാമത്തെ കൊടുമുടിയാണ്. ഇതോടെ 8,000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങളിൽ ഒമ്പത് എണ്ണവും ശൈഖ അസ്മ വിജയകരമായി കീഴടക്കിയിരിക്കുകയാണ്.
നിലവില്‍ പാകിസ്ഥാനിലുള്ള ശൈഖ അസ്മ ഗഷർബ്രം 1, ഗഷർബ്രം 2, ബ്രോഡ് പീക്ക് എന്നീ കൊടുമുടികൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവ പൂർത്തിയാകുന്നതോടെ ഷിഷാപാംഗ്മാ, ചോ ഒയു എന്നീ കൊടുമുടികൾ മാത്രമാണ് അവശേഷിക്കുക. 8,000 മീറ്ററിലേറെ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കി ‘എക്സ്പ്ലോഴ്സ് ഗ്രാൻഡ് സ്ലാം’ നേടുന്ന ആദ്യ വനിതയാകാനുള്ള ഒരുക്കത്തിലാണ് ശൈഖ അസ്മ. പ്രതികൂല കാലാവസ്ഥ, മഞ്ഞ്, ബ്ലാക്ക് ഐസ് എന്നിങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ശൈഖ അസ്മ കൊടുമുടി കയറിയത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ വെല്ലുവിളികളിലൊന്നാണ് നംഗ കൊടുമുടി കയറ്റമെന്ന് ശൈഖ അസ്മ പറഞ്ഞു. കൊടുമുടിയില്‍ ഖത്തര്‍ ദേശീയ പതാകയും സ്ഥാപിച്ചാണ് ശൈഖ അസ്മ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്. എവറസ്റ്റ്, കെ2, മകാലു എന്നിവ കയറി ആഗോള പ്രസിദ്ധി നേടിയ പര്വ്വതാരോഹകയാണ് ശൈഖ അസ്മ.
