ഒരാൾക്ക് 6 ഭാര്യമാർ, 1,200 ആശ്രിതർ കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു. 1965-ൽ പൗരത്വം ലഭിച്ച ഒരാളുടെ ഫയലിൽ അനധികൃതമായി ചേർക്കപ്പെട്ട 978 പേരുടെ പൗരത്വമാണ് അധികൃതർ റദ്ദാക്കിയത്.  

കുവൈത്ത് സിറ്റി: കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിൽ ഒന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് പുറത്തുകൊണ്ടുവന്നു. 1965-ൽ പൗരത്വം ലഭിച്ച ഒരാളുടെ ഫയലിൽ അനധികൃതമായി ചേർക്കപ്പെട്ട 978 പേരുടെ പൗരത്വമാണ് അധികൃതർ റദ്ദാക്കിയത്. 1930-കളിൽ ജനിക്കുകയും 1965ൽ കുവൈത്ത് പൗരത്വം നേടുകയും ചെയ്ത ഒരാളുടെ ഫയലാണ് അന്വേഷണത്തിന് വിധേയമാക്കിയത്. ഇദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ആറ് ഭാര്യമാരും 44 മക്കളുമാണ് ഇദ്ദേഹത്തിന് ഔദ്യോഗികമായി ഉണ്ടായിരുന്നത്.

മരണപ്പെട്ട വ്യക്തിയുടെ മുൻപത്തെ ഒരു ഔദ്യോഗിക ആവശ്യത്തിനായി ശേഖരിച്ച ഡിഎൻഎ സാമ്പിൾ പരിശോധനയിൽ നിർണ്ണായകമായി. ഈ സാമ്പിൾ ഉപയോഗിച്ച് മക്കളെന്ന് അവകാശപ്പെട്ടവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വലിയ തോതിലുള്ള തട്ടിപ്പ് പുറത്തുവന്നത്. 44 മക്കളിൽ പലരും ഇദ്ദേഹത്തിന്‍റെ യഥാർത്ഥ മക്കളല്ലെന്ന് തെളിഞ്ഞു. ഇവരുടെ മക്കളും പേരമക്കളും ഉൾപ്പെടെ ഏകദേശം 978 പേരുടെ പൗരത്വമാണ് ഇതോടെ ഇല്ലാതായത്. അഞ്ച് പേർ (നാല് സ്ത്രീകളും ഒരു പുരുഷനും) ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയിരിക്കുകയാണ്. ഇവർ ഹാജരായില്ലെങ്കിൽ പൗരത്വം നേരിട്ട് റദ്ദാക്കാനാണ് സുപ്രീം നാഷണാലിറ്റി കമ്മിറ്റിയുടെ തീരുമാനം.

തന്‍റെ ഫയൽ ഉപയോഗിച്ച് ഇത്രയും വലിയ തട്ടിപ്പ് നടന്നുവെങ്കിലും, പൗരത്വം ലഭിച്ച യഥാർത്ഥ വ്യക്തി ഇതിൽ നേരിട്ട് പങ്കാളിയാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിൽ അനധികൃതമായി പൗരത്വം നേടിയവരെ കണ്ടെത്താൻ സർക്കാർ നടത്തുന്ന കർശനമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.