ഡ്രൈവര്‍മാര്‍ ടയറുകളുടെ സ്ഥിതി എപ്പോഴും പരിശോധിക്കണമെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദേശം. ടയറില്‍ വിള്ളലുകളോ മറ്റ് തകരാറുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ടയറുകളുടെ പ്രശ്‍നങ്ങള്‍ അവ പൊട്ടിത്തെറിക്കുന്നതിലേക്കും വലിയ അപകടങ്ങളിലേക്കും നയിക്കും.
അബുദാബി: വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം എപ്പോഴും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന അറിയിപ്പുമായി അബുദാബി പൊലീസ്. യാത്രയ്‍ക്കിടെ ടയറുകള്‍ പൊട്ടിയുണ്ടായ ഏതാനും അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
രണ്ട് വാഹനങ്ങള്‍ക്ക് റോഡില്‍ വെച്ച് ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടമാവുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഇതില്‍ ഉള്‍പ്പെട്ട ഒരു വാന്‍ റോഡില്‍ പല തവണ വട്ടം കറങ്ങുന്നതും കാണാം. മറ്റൊരു വാഹനം നിയന്ത്രണം നഷ്‍ടമായി റോഡ് ഷോള്‍ഡറിലേക്ക് നീങ്ങുന്നുമുണ്ട്.
ഡ്രൈവര്‍മാര്‍ ടയറുകളുടെ സ്ഥിതി എപ്പോഴും പരിശോധിക്കണമെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദേശം. ടയറില്‍ വിള്ളലുകളോ മറ്റ് തകരാറുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ടയറുകളുടെ പ്രശ്‍നങ്ങള്‍ അവ പൊട്ടിത്തെറിക്കുന്നതിലേക്കും വലിയ അപകടങ്ങളിലേക്കും നയിക്കും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു മുന്നറിയിപ്പ്.
ഉപയോഗ ശൂന്യമായ തരത്തിലുള്ള ടയറുകളുമായി വാഹനം ഓടിക്കുന്നവരെ പിടികൂടുമെന്നും 500 ദിര്‍ഹം പിഴ ചുമത്തുമെന്നും അബുദാബി പൊലീസ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പിഴയ്‍ക്ക് പുറമെ നാല് ബ്ലാക്ക് പോയിന്റുകളും ഇവര്‍ക്ക് ലഭിക്കും. ഒപ്പം വാഹനം ഒരാഴ്‍ചത്തേക്ക് പിടിച്ചുവെയ്‍ക്കുകയും ചെയ്യും. അപകടമുണ്ടാകുമ്പോള്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ മറിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടയറുകളുടെ അവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു.
