റിയാദിലെ മയക്കുമരുന്ന് കേസിൽ ഒന്നര വർഷത്തോളം സൗദി ജയിലിൽ കഴിഞ്ഞ അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ കോടതി നിരപരാധികളെന്ന് കണ്ട് വെറുതെവിട്ടു. സാമൂഹിക പ്രവർത്തകരുടെയും സൗദി അഭിഭാഷകയുടെയും നേതൃത്വത്തിൽ നടന്ന നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇവർക്ക് നീതി ലഭിച്ചത്.  

റിയാദ്: ചതിക്കുഴിയിൽ വീണ് ഒന്നരവർഷത്തോളം സൗദി അറേബ്യയിലെ ജയിലിൽ കഴിയേണ്ടി വന്ന അഞ്ച് മലയാളികൾ ഉൾപ്പെടെ ആറ് പേർക്ക് ഒടുവിൽ നീതി. റിയാദിലെ വെയർഹൗസിൽ നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവർ നിരപരാധികളാണെന്ന് സൗദി കോടതി വിധിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം സ്വദേശികളായ അഞ്ച് പേരും ഒരു ഉത്തർപ്രദേശ് സ്വദേശിയുമാണ് നിയമപോരാട്ടത്തിലൂടെ പുറത്തിറങ്ങിയത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ദുബായ് ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിന്റെ റിയാദിലെ വെയർഹൗസിലേക്ക് എത്തിയ പാർസലുകളിൽ നിന്ന് ആയിരക്കണക്കിന് ലഹരി ഗുളികകൾ സൗദി നാർക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു.

ഈ പാർസൽ വാങ്ങാനെത്തിയ പാകിസ്ഥാൻ പൗരനെ പിന്തുടർന്നാണ് അന്വേഷണ സംഘം വെയർഹൗസിലെത്തിയത്. അവിടെയുണ്ടായിരുന്ന എട്ട് മലയാളികളെയും ഒരു യു.പി സ്വദേശിയെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടക്കത്തിൽ തെളിവുകൾ ജീവനക്കാർക്ക് എതിരായതിനാൽ കോടതി ഇവരെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങളാണ് പ്രവാസികൾക്ക് തുണയായത്. പ്രമുഖ സൗദി അഭിഭാഷക ഡോ. റെന അബ്ദുൽ അസീസാണ് കോടതിയിൽ ഇവർക്കായി ഹാജരായത്. ഒന്നര വർഷത്തിനിടെ നടന്ന 13 കോടതി സിറ്റിങ്ങുകളിലൂടെ ഇവർക്ക് മയക്കുമരുന്ന് കടത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ അഭിഭാഷകയ്ക്ക് സാധിച്ചു.

കുറ്റക്കാരല്ലെന്ന് കണ്ടത്തിയ ആറുപേരെയും കോടതി വെറുതെ വിട്ടു. എന്നാൽ മേൽക്കോടതിയുടെ വിധി കൂടി അനുകൂലമായി വന്നാലേ ഇവർക്ക് നിയമനടപടികളിൽ നിന്ന് പൂർണ്ണ മോചനം ലഭിക്കൂ. ഇതേ കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് മലയാളികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു."ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. ഈ കഠിനമായ കാലഘട്ടത്തിൽ കൂടെ നിന്ന സിദ്ധിഖ് തുവ്വൂരിനോടും അഭിഭാഷക ഡോ. റെനയോടും തീരാത്ത കടപ്പാടുണ്ട്." — മോചിതരായവർ പ്രതികരിച്ചു.