Asianet News MalayalamAsianet News Malayalam

സൗദിയിൽ ആറ് കോവിഡ് ബാധിതർ സുഖംപ്രാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു

ങ്കളാഴ്ച മുതൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളും നിരോധന നടപടികളും ഏർപ്പെടുത്തിയിരിക്കുകയാണ്. 16 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയുള്ള മുഴുവൻ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അവധിയിലായി. 

six patients recovered from coronavirus covid 19 in saudi arabia
Author
Riyadh Saudi Arabia, First Published Mar 17, 2020, 4:49 PM IST

റിയാദ്: രാജ്യത്തെ കോവിഡ് ബാധിതരിൽ ആറുപേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. റിയാദിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി. 18 സർക്കാർ ഏജൻസികൾ നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കോവിഡിനെതിരെ ശക്തമായ പോരാട്ടമാണ് തുടരുന്നത്. തുടക്കം മുതലെ രാജ്യം സ്ഥികരിച്ച പ്രതിരോധ, ചികിത്സാ നടപടികൾ വളരെ ഫലപ്രദമാണെന്നതിന് തെളിവാണ് ആറുപേർ സുഖംപ്രാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 

രാജ്യത്തെ പൗരന്മാരും വിദേശികളും വീടുകളിൽ തന്നെ കഴിയണം. അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തുപോകാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ വൈറസ് ബാധിതരുടെ ആകെ എണ്ണം ഞായാറാഴ്ച രാത്രിയോടെ 118 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ തിങ്കളാഴ്ച മുതൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളും നിരോധന നടപടികളും ഏർപ്പെടുത്തിയിരിക്കുകയാണ്. 16 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയുള്ള മുഴുവൻ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അവധിയിലായി. 

സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ നടത്തിപ്പുകാർക്ക് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. എന്നാലും ജീവനക്കാര്‍ക്ക് പരമാവധി അവധി നല്‍കണമെന്ന് സ്വകാര്യ മേഖലയ്ക്ക് നിര്‍ദേശമുണ്ട്. അവശ്യ, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ഫാർമസി, സൂപർമാർക്കറ്റ്, ഗ്രോസറി (ബഖാല) കടകൾ എന്നിവയൊഴികെ ബാക്കി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാൻ ഉത്തരവുണ്ട്. അക്കൂട്ടത്തിൽ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. ഇതനുസരിച്ച് രാജ്യത്തെ മിക്കയിടങ്ങളിലും കമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഷോപ്പിങ് മാളുകളിലെല്ലാം പൂർണമായും ഷട്ടറുകൾ വീണുകഴിഞ്ഞു. മാളുകൾക്കുള്ളിൽ സൂപ്പർമാർക്കറ്റുകളുണ്ടെങ്കിൽ അവ മാത്രം പ്രവർത്തിക്കും. 

ഭക്ഷണശാലകളിൽ ഇരുന്നുകഴിക്കാൻ അനുവാദമില്ല. ഭക്ഷണം പാഴ്സലായി മാത്രമേ കൊടുക്കാൻ പാടുള്ളൂ. ഈ നിയമം തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ രാജ്യത്തെ മിക്കഭാഗങ്ങളിലും റസ്റ്റോറൻറുകളും ഹോട്ടലുകളും സ്വയം നടപ്പാക്കി തുടങ്ങിയിരുന്നു. വളരെ ചെറിയ റസ്റ്റോറന്റുകളിൽ പോലും നഗരസഭകളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ മുതൽ എത്തുന്നുണ്ട്. നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. മിക്ക റസ്റ്റോറൻറുകളിലും കസേരകൾ മേശപ്പുറത്ത് വെച്ച് ഇരിപ്പിട സൗകര്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പാഴ്സലുകൾ മാത്രം എന്ന് പുറത്ത് ബോർഡുകൾ തൂങ്ങുകയും ചെയ്തിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന ഭക്ഷണശാലകൾ അടച്ചുപൂട്ടിയേക്കും. 

പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിനും വിലക്കുണ്ട്. എല്ലാ ഉത്തരവുകളും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി. ഞായറാഴ്ച മുതൽ അന്താരാഷ്ട്ര വിമാന സർവിസുകളടക്കം അവസാനിപ്പിച്ചതോടെ പുറംലോകവുമായുള്ള യാത്രാ ഗതാഗത ബന്ധം പൂർണമായും നിലച്ചു. ഇതിനിടെ സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിസകളുടെ സ്റ്റാമ്പിങ് നിർത്തിവെച്ചതായി മുംബൈയിലെ കോൺസുലേറ്റ് റിക്രൂട്ടിങ്, ട്രാവൽ ഏജൻസികളെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios