കുവൈത്തിൽ പണമായി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത തട്ടിപ്പ് സംഘം പിടിയില്‍. ഈജിപ്തുകാരും കുവൈത്തികളും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി.
കുവൈത്ത് സിറ്റി: പണം വാങ്ങി നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനി ലൈസൻസുകൾ നൽകുന്ന ഒരു പ്രധാന ശൃംഖലയെ കുവൈത്തിൽ പിടികൂടി. റെസിഡൻസി കടത്ത് തടയുന്നതിനും പ്രവാസി തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഈ ശൃംഖല തകര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരും കുവൈത്തികളും ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി.
പ്രതികളായ വ്യക്തികൾ 28 കമ്പനികളുടെ ലൈസൻസുകൾ ചൂഷണം ചെയ്ത് 382 തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഓരോ തൊഴിലാളിയും 800 കുവൈത്ത് ദിനാര്‍ മുതൽ 1,000 കുവൈത്ത് ദിനാര്‍ വരെ നൽകിയതായും തൊഴിലാളികളുടെ ഡാറ്റ സിസ്റ്റത്തിലേക്ക് നൽകുന്നതിന് 200 കുവൈത്ത് ദിനാര്‍ മുതൽ 250 കുവൈത്ത് ദിനാര്‍ വരെ അധിക കൈക്കൂലി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ജീവനക്കാർക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. പ്രതികളായ എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
