Asianet News MalayalamAsianet News Malayalam

ഇത് വെറും നമ്പറല്ല; ദുബായില്‍ ഇനി വരുന്നത് 'നമ്പര്‍ പ്ലേറ്റ് വിപ്ലവം'

ഗതാഗത സാങ്കേതിക വിദ്യയിലും സുരക്ഷാ, നിയന്ത്രണ രംഗങ്ങളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണിത്. ഈ രംഗങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വാഹനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന സംവിധാനം ഉള്‍പ്പെടുന്നതായിരിക്കും സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍.

smart digital number plates to be introduced in Dubai
Author
Dubai - United Arab Emirates, First Published Dec 10, 2019, 2:42 PM IST

ദുബായ്: വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതിന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയും റിവൈവര്‍ ഓട്ടോ കമ്പനിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നത് മുതല്‍ വാഹനങ്ങളുടെ ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്കും വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകള്‍.

പുതിയ സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദുബായില്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സിഇഒ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു. ഗതാഗത സാങ്കേതിക വിദ്യയിലും സുരക്ഷാ, നിയന്ത്രണ രംഗങ്ങളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണിത്. ഈ രംഗങ്ങളിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വാഹനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്ന സംവിധാനം ഉള്‍പ്പെടുന്നതായിരിക്കും സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍.

ഒരു സെന്‍ട്രല്‍ ഇലക്ട്രോണിക് കണ്‍ട്രോളില്‍ അധിഷ്ഠിതമായിട്ടായിരിക്കും സ്മാര്‍ട്ട് പ്ലേറ്റുകളുടെ പ്രവര്‍ത്തനം. വാഹനങ്ങളുടെ നമ്പറുകള്‍ക്ക് പുറമെ വാഹനങ്ങളുടെ ലൈസന്‍സുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ കാലാവധി, ട്രിപ്പുകളുടെയും വാഹനത്തിന്റെയും മറ്റ് വിവരങ്ങള്‍, ഡ്രൈവറുടെ വിവരങ്ങള്‍ തുടങ്ങിയവയൊക്കം ഈ നമ്പര്‍ പ്ലേറ്റില്‍ നിന്ന് അറിയാനാവും. പാര്‍ക്കിങ് സംവിധാനവുമായും ടോള്‍ ഗേറ്റുകളുമായും നമ്പര്‍ പ്ലേറ്റുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടാവും. ഇവ മോഷ്ടിക്കപ്പെടാനും സാധ്യത കുറവായിരിക്കും. 

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സന്ദേശങ്ങളും മുന്നറിയിപ്പുകളും ഇതിലൂടെ നല്‍കും. റോഡ് അപകടങ്ങളുണ്ടായാല്‍ വേഗത കുറയ്ക്കാനോ വഴി തിരിച്ചുവിടാനോ ഉള്ള സന്ദേശങ്ങള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ദൃശ്യമാക്കും. ഗതാഗതക്കുരുക്ക് പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് വാഹനങ്ങളില്‍ നിന്ന് കൈമാറപ്പെടും. ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തെ മാത്രം പൊലീസിന് ഇക്കാര്യത്തിന് ആശ്രയിക്കേണ്ടി വരില്ല. ഇതിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശയവിനിമയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. 

ഭാവിയിലേക്കുള്ള മികച്ച സാങ്കേതിക വിദ്യകള്‍ രാജ്യത്ത് കൊണ്ടുവരാനുള്ള ദുബായ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അര്‍.ടി.എ സി.ഇ.ഒ പറഞ്ഞു. ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകളിലൂടെ ഈ രംഗത്ത് മാറ്റത്തിന്റെ പുതിയ വാതില്‍ തുറക്കുന്ന ആദ്യ നഗരമായിരിക്കും ദുബായിയെന്ന് റിവൈവര്‍ ഓട്ടോ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios