തീപിടുത്തങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനും മറ്റിടങ്ങളിലേക്ക് പടര്‍ന്ന് അപകടങ്ങളുടെ ആഘാതം വര്‍ദ്ധക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഹസന്‍തക് എന്ന പേരില്‍ കെട്ടിടങ്ങളുടെ ശൃംഖലയുണ്ടാക്കുന്നത്. 

അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ഓരോ മാസവും 1600ഓളം കെട്ടിടങ്ങള്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുകയാണ്. ഒരോ ദിവസവും 65ലധികം കെട്ടിടങ്ങളെയാണ് അബുദാബി സിവില്‍ ഡിഫന്‍സിന്റെ നെറ്റ്‍വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

തീപിടുത്തങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാനും മറ്റിടങ്ങളിലേക്ക് പടര്‍ന്ന് അപകടങ്ങളുടെ ആഘാതം വര്‍ദ്ധക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഹസന്‍തക് എന്ന പേരില്‍ കെട്ടിടങ്ങളുടെ ശൃംഖലയുണ്ടാക്കുന്നത്. ഗാര്‍ഹിക-വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്ലാ കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി മാറും. തീപിടുത്തം പ്രതിരോധിക്കുന്നതിനൊപ്പം കെട്ടിടങ്ങളുടെ സുരക്ഷ വിലയിരുത്താനും ഇതിലൂടെ സാധിക്കും. അപകടങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും പെട്ടെന്ന് തൊട്ടടുത്തുള്ള സിവില്‍ ഡിഫന്‍സ് കേന്ദ്രത്തില്‍ വിവരം നല്‍കും. 2021ഓടെ അബുദാബിയിലെ 1.75 ലക്ഷം കെട്ടിടങ്ങളെയും നെറ്റ്‍വര്‍ക്കിന്റെ ഭാഗമാക്കും.

നെറ്റ്‍വര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി പിഴവുകള്‍ പരിഹരിക്കണം. 80 ശതമാനം കെട്ടിടങ്ങളിലും സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തകരാറുകള്‍ പരിഹരിച്ച് ഫയര്‍ സെന്‍സറുകള്‍, സ്മോക് സെന്‍സറുകള്‍, ഫയര്‍ അലാമുകള്‍ എന്നിവ സ്ഥാപിക്കും. ഇവര പരസ്പരം ബന്ധിപ്പിച്ച് ഏറ്റവും വേഗത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് സംവിധാനം.