മസ്കറ്റ്: ഒമാനിലേക്ക് സമുദ്ര മാര്‍ഗം നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഒരു സംഘം കള്ളക്കടത്തുകാരായ ഏഷ്യന്‍ വംശജരെ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍  റോയല്‍ ഒമാന്‍ വ്യോമ സേനയുടെ സഹകരണത്തോടു കൂടിയാണ് രണ്ടു കള്ളക്കടത്ത് ബോട്ടുകള്‍ കോസ്റ്റല്‍ ഗാര്‍ഡ് പിടിച്ചെടുത്തത്.

ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ഒരു ബോട്ടും കള്ളക്കടത്ത് സംഘത്തിന്‍റെ സഹായത്തിനായിയെത്തിയ ഒരു ഒമാനി മത്സ്യബന്ധന ബോട്ടുമാണ് പിടിയിലായത്. ഏഷ്യന്‍ വംശജരായ 18 പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റല്‍ ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.