പാലക്കാട് ആലത്തൂർ വെങ്ങനൂർ സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് നാട്ടിലയച്ചത്

റിയാദ്: തൊഴിൽ നഷ്ടവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും നിമിത്തം പ്രതിസന്ധിയിലായ മലയാളിയെ ജിദ്ദ നവോദയ സാംസ്കാരിക വേദി യാംബു ഏരിയ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി നാട്ടിലെത്തിച്ചു. പാലക്കാട് ആലത്തൂർ വെങ്ങനൂർ സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് നാട്ടിലയച്ചത്.

ഒന്നര വർഷമായി സ്ഥിരമായ ജോലി ഇല്ലാതെയും, വിസ കാലാവധി തീർന്ന നിലയിലുമായിരുന്നു ഇദ്ദേഹം. ഒപ്പം കഠിനമായ പ്രമേഹരോഗം മൂലമുള്ള ശാരീരിക ദുർബലതയും അദ്ദേഹത്തെ ബാധിച്ചു. 2025 ജൂൺ 18ന് ഉംലജ് പ്രദേശത്തു നിന്നാണ് അദ്ദേഹം ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയോട് സഹായം തേടിയത്. തുടർന്ന് ഏരിയ ജീവകാരുണ്യ കൺവീനർ എ.പി സാക്കിറിന്റെ നേതൃത്വത്തിൽ ആരോഗ്യവേദി, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തോടെ അദ്ദേഹത്തിന് ദിവസങ്ങളോളം ചികിത്സയും താമസ സൗകര്യവും ഭക്ഷണവും ലഭ്യമാക്കി.

യാംബുവിലെ റിം അൽ ഔല കമ്പനി അദ്ദേഹത്തിന് താമസത്തിനും ഭക്ഷണത്തിനും പിന്തുണ നൽകി. പിന്നീട് ജിദ്ദയിലേക്ക് എത്തിച്ചപ്പോൾ ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ അബ്ദുൽ ജലീൽ ഉച്ചാരക്കടവ്, മിഥിലാജ് റാബിഖ് എന്നിവരും ആവശ്യമായ സഹായങ്ങൾ നൽകി. നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ അടിയന്തര ധനസഹായവും അദ്ദേഹത്തിന് കൈമാറി. ഇതിനുപുറമെ യാത്രാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.