മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫ്ലൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്ലൈദുബൈ അറിയിച്ചു.

ദുബൈ: യുഎഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായതോടെ ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പത്തോളം വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. അൽ മക്തൂം എയർപോർട്ടിലേക്ക് ഉള്‍പ്പെടെയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സമയ ക്രമത്തിൽ മാറ്റത്തിന് സാധ്യതയുണ്ട്. കൊച്ചിയിൽ നിന്ന് ഷാ‍ർജയിലേക്ക് പോയ വിമാനം മസ്കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്ക് പോയ വിമാനം അബുദാബിയിലേക്കും വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചതായി ഫ്ലൈ ദുബൈയും അറിയിച്ചു. ചില സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഫ്ലൈദുബൈ അറിയിച്ചു. ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും പൊടിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. 

ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്. ദൂരക്കാഴ്ച 500 മീറ്ററിൽ താഴുകയും അന്തരീക്ഷം ഇരുണ്ടുമൂടുകയും ചെയ്ത പശ്ചാതലത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നും നിർദേശിച്ചിട്ടുണ്ട്. വടക്കൻ എമിറേറ്റുകളിൽ മഴ പെയ്തതിനെ തുടർന്ന് അടുത്തിടെ പ്രളയമുണ്ടായ ഫുജൈറ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. അസ്ഥിര കാലാവസ്ഥ വ്യാഴാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒമാനിലെ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്

അതേസമയം അബുദാബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് വരും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി. വാഹനയാത്രികര്‍ വേഗപരിധി പാലിക്കണം. മഴയുള്ളപ്പോള്‍ വെള്ളക്കെട്ട്, താഴ് വരകള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.