ആദം-ഹൈമ-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

മസ്‌കറ്റ്: ഒമാനില്‍ ദോഫാര്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്. ആദം-ഹൈമ-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. 

പൊടിക്കാറ്റ് തുടരുന്നതിനാലും ആദം-തുംറൈത് റോഡില്‍ ദൂരക്കാഴ്ച കുറവായതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദോഫാര്‍ ഗവര്‍ണറേറ്റിലൂടെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നും മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൂടുതല്‍ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 

ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മരണം, ആറു പേര്‍ക്ക് പരിക്ക്

Scroll to load tweet…

അതേസമയം ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിയുമാണ് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് പുറപ്പെടുവിച്ചത്. അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്.

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ റാസല്‍ ഹദ്ദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. 

ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ്മദ്‌റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, തെക്കന്‍ ബത്തിന, അല്‍ദാഹിറ എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 

ലോകകപ്പ്; ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റ്, അല്‍ ദാഖിലിയ, തെക്കന്‍ ബാത്തിന, അല്‍ ദാഹിറ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 10 മുതല്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 40 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.